Monday, June 25, 2012
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കും - മന്ത്രി കെ.സി. ജോസഫ്
തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇതിനനുസൃതമായാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പന്ത്രണ്ടാം പദ്ധതി - തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം സംബന്ധിച്ച് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി കില സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡി.പി.സി അംഗീകരിക്കുന്ന പദ്ധതികള്‍ മറ്റ് തടസങ്ങളും കാലതാമസവുമില്ലാതെ നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയുന്നതരത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ബ്ളോക്ക് പഞ്ചായത്തുകള്‍ ശക്തി പ്രാപിക്കേണ്ടത് പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളും, എം.പി. ഫണ്ട് വിനിയോഗവും ഫലപ്രദമാവണമെങ്കില്‍ ബ്ളോക്ക്തല സംവിധാനം ശക്തമാവണം. ബ്ളോക്ക് പഞ്ചായത്തുകള്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ പ്രാദേശികമായ ആവശ്യം കണക്കിലെടുത്ത് കാര്‍ഷികമേഖലയ്ക്ക് ശ്രദ്ധ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ ബ്ളോക്ക് പഞ്ചായത്തുകളിലും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കില ഡയറക്ടര്‍ പി.പി. ബാലന്‍, കേരള ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം. മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി, കില കോഴ്സ് ഡയറക്ടര്‍ ജെ.ബി. രാജന്‍ തുടങ്ങിവയര്‍ പരിപാടിയില്‍ സംബന്ധിച്ചു. പി.എന്‍.എക്സ്.4180/12
Maintained by Web & New Media Division, Information & Public Relations Department
Subscribe to:
Post Comments (Atom)
No comments:
Post a Comment