Thursday, June 7, 2012

കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഓഫീസാണ്

മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസിന് ഐഎസ്ഒ 9001:2008 അംഗീകാരം മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസിന് ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഗുണമേന്മക്ക് നല്‍കുന്ന അന്തര്‍ദ്ദേശീയ അംഗീകാരമായ ഐഎസ്ഒ 9001:2008 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഓഫീസാണ് മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസ്. ഇന്ത്യയിലെ വിരലിലെണ്ണാവുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് നിലവില്‍ ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. മാനന്തവാടി റവന്യു ഡിവിഷന്റെ ഭരണ നിര്‍വ്വഹണം, നീതിന്യായപരിപാലനം, പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കല്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലെ ഗുണമേന്മ• മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളാണ് ഈ അന്താരാഷ്ട്ര അംഗീകാരത്തിന് ഓഫീസിനെ പര്യാപ്തമാക്കിയത്. 29.05.12 മുതല്‍ 28.05.15 വരെയുള്ള മൂന്നുവര്‍ഷകാലയളവിലേക്കാണ് ഐഎസ്ഒ 9001:2008 അംഗീകാരം ബാധകമാവുക. കഴിഞ്ഞ ഒരു വര്‍ഷമായി റവന്യു ഡിവിഷണല്‍ ഓഫീസിലെ ജീവനക്കാര്‍ നടത്തിയ ആത്മാര്‍ഥത്ഥപരിശ്രമത്തിന്റെ ഫലമായാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതെന്ന് മാനന്തവാടി സബ്കളക്ടര്‍ എസ്.ഹരികിഷോര്‍ അഭിപ്രായപ്പെട്ടു. അംഗീകാരം ലഭിക്കുന്നതിനായി ഓഫീസിലെ റിക്കാര്‍ഡ് റൂം, പ്രോപ്പര്‍ട്ടി റൂം എന്നിവ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. ഏത് റിക്കാര്‍ഡും മിനിറ്റുകള്‍ക്കകം കണ്ടെത്തി എടുക്കുവാന്‍ സാധിക്കുന്നതരത്തിലാണ് ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ളത്. ഓഫീസില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുകയും, സമയപരിധിക്കുള്ളില്‍ തന്നെ സേവനം നല്‍കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസിലെ ഫയല്‍ മാനേജ്മെന്റ് സംവിധാനം കുറ്റമറ്റതാക്കി ഓഫീസിനുള്ളിലെ നടപടികളില്‍ ഉണ്ടാകുന്ന കാലതാമസം പരമാവധി ലഘൂകരിച്ചു. ഇന്ന് ഏത് ഫയലിന്റെയും തല്‍സ്ഥിതി മിനിറ്റുകള്‍ക്കകം അറിയാനും, നടപടി എടുത്തു കഴിഞ്ഞാല്‍ ലഭിച്ച സേവനം സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുമുള്ള സംവിധാനം ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ അംഗീകാരം പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം, സമയനിഷ്ഠയോടെ, കൂടുതല്‍ ഉത്തരവാദിത്വത്തോടെ നല്‍കാന്‍ ജീവനക്കാര്‍ക്ക് പ്രചോദനമാവുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഗോപാലകൃഷണ ഭട്ട് പ്രത്യാശ പ്രകടിപ്പിച്ചു. പി.എന്‍.എക്സ്.3629/12

No comments:

Post a Comment